മോഹന്‍ലാല്‍ അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന് ഹോളിവുഡിലേക്കെന്ന് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫ് ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഹോളിവുഡില്‍ നിന്നൊരാള്‍ ദൃശ്യത്തെക്കുറിച്ച് അറിയാനായി തന്നെ ബന്ധപ്പെട്ടുവെന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യവുമായി ബന്ധപ്പെട്ടുള്ള പുരോഗതിയെക്കുറിച്ച് അറിയില്ല എന്നും സംവിധായകന്‍ പറയുന്നു.
'മില്യണ്‍ ഡോളര്‍ ബേബി എന്ന ക്ലിന്റ് ഈസ്റ്റ്‍വുഡ് പടത്തില്‍ അഭിനയിച്ച ഒരു നടിയുണ്ട്. അവരെവച്ച് ചെയ്യാനെന്നാണ് പറഞ്ഞത്. ഹോളിവുഡില്‍ വര്‍ക്ക് ചെയ്യുന്ന ഒരു ഇന്ത്യക്കാരനാണ് സമീപിച്ചത്.
പെണ്‍കുട്ടിയുടെ അമ്മ ക്രൈം ചെയ്യുന്നതായിട്ടാണ് കഥ. തിരക്കഥ വേണമെന്ന് പറഞ്ഞതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷ് സ്ക്രിപ്റ്റും സിനിമയും അയച്ചുകൊടുത്തു. ഒന്നൊന്നര മാസമായി അത് അയച്ചിട്ട്. എന്തെങ്കിലും പുരോഗതിയുണ്ടോ എന്ന് അറിയില്ല"- ജിത്തു ജോസഫ് പറഞ്ഞു.
ഹോളിവുഡ് റീമേക്കിന്റെ സാദ്ധ്യതകളെക്കുറിച്ച് ഒരാള്‍ അന്വേഷിച്ചിരുന്നുവെന്നും അയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് ദൃശ്യത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ താന്‍ അയച്ചുകൊടുത്തുവെന്നും ജീത്തു ജോസഫ് പറയുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ദൃശ്യം 2' പുറത്തിറങ്ങാനിരിക്കെയാണ് സംവിധായകന്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. മോഹന്‍ലാലിന്റെ 'ജോര്‍ജ്ജുകുട്ടി'ക്ക് പകരം സ്ത്രീക്ക് പ്രാധാന്യമുള്ള സിനിമയാണ് ഹോളിവുഡില്‍ ആലോചിക്കുന്നത്. ഓസ്കര്‍ പുരസ്കാര ജേതാവായ ഹിലരി സ്വാങ്കാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് സൂചന.
0 Comments