ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും പിൻവലിച്ചു
സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാത്രി കർഫ്യുവും ഞായറാഴ്ച ലോക്ഡൗണും പിൻവലിച്ചു. കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ വലിയ വർധനവില്ല. ആഗസ്റ്റിൽ 18 ശതമാനത്തിന് മുകളിലുണ്ടായിരുന്ന ശരാശരി ടി.പി.ആർ സെപ്റ്റംബർ ആദ്യ വാരത്തിൽ കുറഞ്ഞുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഒക്ടോബർ നാലു മുതൽ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളും മെഡിക്കൽ കോളജുകളും തുറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവസാന വർഷ വിദ്യാർഥികൾക്ക് മാത്രമാവും ക്ലാസുണ്ടാവുക. അധ്യാപകരും വിദ്യാർഥികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്കൂൾ കോളജ് അധ്യാപകർ നിർബന്ധമായി വാക്സിനെടുത്തിരിക്കണം. ഇവർക്ക് വാക്സിനേഷനിൽ മുൻഗണന നൽകും. ഇതുവരെ മൂന്നു കോടി ഡോസ് വാക്സിന് നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കോവീഷീൽഡ് വാക്സിന്റെ ഇടവേള കുറച്ചതിൽ യോജിപ്പാണെന്നും സർക്കാർ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
0 Comments