തീവണ്ടിയില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമമെന്ന് പരാതി. എറണാകുളം-ഗുരുവായൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് തീവണ്ടിയില്‍ അച്ഛനോടൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് ഉപദ്രവമുണ്ടായത്. തീവണ്ടിയില്‍ യാത്ര ചെയ്തിരുന്ന യുവാക്കള്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ മോശമായരീതിയില്‍ സ്പര്‍ശിച്ചെന്നും ശല്യംചെയ്‌തെന്നുമാണ് പരാതി. സംഭവത്തില്‍ അഞ്ച് യുവാക്കള്‍ക്കെതിരേ തൃശ്ശൂര്‍ റെയില്‍വേ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഇവരെ പിടികൂടാനായിട്ടില്ലെന്നും പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും റെയില്‍വേ പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രി 7.50-ന് എറണാകുളത്തുനിന്ന് പുറപ്പെട്ട തീവണ്ടിയിലാണ് പെണ്‍കുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. തീവണ്ടി കളമശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ യുവാക്കളുടെ ഉപദ്രവം ആരംഭിച്ചെന്നാണ് പരാതി. ഉപദ്രവം തുടര്‍ന്നതോടെ അച്ഛനും മകളും തൃശ്ശൂര്‍ റെയില്‍വേ പോലീസിനെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ പോലീസ് സംഘം കാത്തിരുന്നെങ്കിലും യുവാക്കള്‍ ഇതിനുമുമ്പേ തീവണ്ടിയില്‍നിന്ന് ഇറങ്ങി രക്ഷപ്പെട്ടിരുന്നു.
0 Comments