വ്യാജരേഖ ചമച്ചെന്ന് കുറ്റപ്പെടുത്തി ഗുജറാത്തിലെ ഐപിഎസ് ഓഫീസറായിരുന്ന ആർ.ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ വസതിയിൽ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദ്, പൊലീസ് ഉദ്യോഗസ്ഥരായിരുന്ന ആർ.ബി ശ്രീകുമാർ, സഞ്ജയ് ഭട്ട് എന്നീവർക്കെതിരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ വിഭാഗം കുറ്റപത്രം തയ്യാറാക്കിയിരിക്കുകയാണ്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, ഗൂഢാലോചന നടത്തി, വ്യാജരേഖ ചമച്ചു എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ആക്ടിവിസ്റ്റ് ടീസ്റ്റ സെദൽവാദിനെ മുംബൈയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് അഹമ്മദാബാദിലേക്ക് കൊണ്ടുപോകുകയാണ്.
ഗുജറാത്ത് കലാപത്തിൽ വ്യാജ വിവരം നൽകിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആരോപണം നേരിടേണ്ടി വന്നതിന് പിറകെയാണ് ടീസ്റ്റ സെതൽവാദ് ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ഗുജറാത്ത് പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം ശനിയാഴ്ച മുംബൈ ജുഹുവിലെ ഇവരുടെ വസതിയിലെത്തിയിരുന്നു. പിന്നീടാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റ സെതൽവാദിനെ മുംബൈയിലെ സാന്താക്രൂസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം ഗുജറാത്ത് പൊലീസ് അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.
0 Comments