കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് 52ാം പിറന്നാൾ. പാർട്ടി പ്രവർത്തകരും ക്ഷേമം ആഗ്രഹിക്കുന്നവരും തന്റെ പിറന്നാൾ ആഘോഷിക്കരുതെന്നാണ് ഈ ദിവസം രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കോടിക്കണക്കിന് യുവ ജനങ്ങൾ കേന്ദ്ര സർക്കാറിന്റെ അഗ്നി പഥ് പദ്ധതിക്കെതിരെ തെരുവിൽ പോരാടുന്നതിന്റെ പശ്ചാത്തലത്തിലാണ് അഭ്യർഥന.
രാജ്യത്തെ സാഹചര്യം നാം മനസിലാക്കണം. കോടിക്കണക്കിന് യുവ ജനങ്ങൾ ദുഃഖത്തിലാണ്. നാം അവരുടെ വേദനയിൽ പങ്കാളിയാകണം. അവരുടെയും കുടുംബത്തിന്റെയും ദുഃഖം മനസിലാക്കുകയും ഒപ്പം നിൽക്കുകയും വേണം - രാഹുൽ പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്ത് അഗ്നിപഥിനെതിരെ രൂക്ഷമായ തെരുവ് യുദ്ധം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ അഭ്യർഥന വന്നത്. ജൂൺ 14നാണ് കേന്ദ്ര സർക്കാർ ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് പ്രഖ്യാപിച്ചത്. നാലു വർഷത്തെ മാത്രം സൈനിക സേവനത്തിനുള്ള പദ്ധതി പ്രഖ്യാപിച്ച് രണ്ടാം ദിവസം മുതലാണ് പ്രതിഷേധം തുടങ്ങിയത്. ബിഹാറിലായിരുന്നു ആദ്യ പ്രതിഷേധം. പിന്നീട് തെക്കേ ഇന്ത്യവരെ പ്രതിഷേധം വ്യാപിച്ചു.
പ്രധാനമന്ത്രി കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ, ഈ പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.
0 Comments