പുനർഗേഹം ഭവനസമുച്ചയത്തിൽ മലിനജല സംസ്‌കരണ പ്ലാന്റ്: നിർമാണ ഏജൻസിയുമായി ധാരണാപത്രം ഒപ്പുവെച്ചു
ഹാർബറിൽ മത്സ്യത്തൊഴിലാളികൾക്കായി നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിൽ സ്ഥാപിക്കുന്ന മലിനജല സംസ്‌കരണ പ്ലാന്റിന്റെ നിർമാണവുമായി ബന്ധപ്പെട്ടുള്ള ധാരണാപത്രം ഒപ്പുവെച്ചു. ഫിഷറീസ് വകുപ്പും നിർമാണച്ചുമതലയുള്ള പാലക്കാട്ടെ ഐ.ആർ.ടി.സി.യും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.
കരാർ ഒപ്പുവെക്കുന്നതിനു മുന്നോടിയായി സംഘം പദ്ധതിപ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. നടപടികൾ പൂർത്തിയാക്കി ജൂണിനു മുൻപ് പ്ലാന്റ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.
മലിനജലം നാലിടങ്ങളിലായി പമ്പുചെയ്ത് ഒരു ടാങ്കിലെത്തിച്ചതിനുശേഷം ശുദ്ധീകരിച്ച് ഒഴുക്കിവിടും. ഒരുദിവസം ഒരുലക്ഷം ലിറ്റർ മലിനജലം ശുദ്ധീകരിക്കാനാകും. എം.ബി.ബി.ആർ. സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ശുദ്ധീകരണം നടത്തുക.ആറുമാസത്തിനകം പദ്ധതി പൂർത്തീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 2021 സെപ്റ്റംബറിലാണ് 128 ഫ്ളാറ്റുകൾ നിർമിച്ചുനൽകിയത്. എന്നാൽ, മലിനജലം ഒഴുകിപ്പോകാനും സംസ്‌കരിക്കാനും സംവിധാനമില്ലാത്തത് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കിയിരുന്നു.
വീടിനകത്തേക്കുവരെ മലിനജലമെത്താൻ തുടങ്ങിയതോടെ ചില കുടുംബങ്ങൾ ഇവിടെനിന്ന് താമസം മാറുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് 1,56,75,500 രൂപ വകയിരുത്തി ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്.
നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ഐ.ആർ.ടി.സി. സെക്രട്ടറി എ.എം. ബാലകൃഷ്ണൻ, പ്രോജക്ട് ഇംപ്ലിമെന്റ് യൂണിറ്റ് മുൻ സെക്രട്ടറി എ.കെ. മാത്യു, എക്്സിക്യുട്ടീവ് എൻജിനീയർ സജീവ്, ഫിഷറീഷ് ഡി.ഡി. ജിഷ കൊഹൂർ, ഹാർബർ എൻജിനിയറിങ് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ രാജീവ്, എം.എൽ.എ.യുടെ പ്രതിനിധി കെ. സാദിഖ് എന്നിവർ പങ്കെടുത്തു.
0 Comments