കരുത്തും കരുതലും പകര്‍ന്ന് 'സ്‌നേഹിത' യുടെ 12 വര്‍ഷങ്ങള്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും അതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക് പിന്തുണ നല്‍കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച ജന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് പദ്ധതിയായ സ്‌നേഹിതയുടെ പ്രവര്‍ത്തനം 11 വര്‍ഷം പിന്നിടുന്നു. 2013 സെപ്റ്റംബര്‍ 5 ന് ആരംഭിച്ച പദ്ധതിയില്‍ ഇന്നുവരെ 2575 നേരിട്ടുള്ള കേസുകളും 2133 ഫോണ്‍ വഴിയുള്ള കേസുകളുമടക്കം മൊത്തം 4078 കേസുകളാണ് മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് കുടുംബശ്രീ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. 665 അതിജീവിതമാര്‍ക്ക് താല്‍ക്കാലിക അഭയം നല്‍കാനും സ്‌നേഹിതയ്ക്ക് കഴിഞ്ഞു. അതില്‍ ഈ വര്‍ഷം 271 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്, 22 പേര്‍ക്ക് സ്‌നേഹിത താല്‍ക്കാലിക അഭയമൊരുക്കി.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി കൗണ്‍സിലിംഗ്, ടെലി കൗണ്‍സിലിംഗ്, ലീഗല്‍ ക്ലിനിക് വഴി കേസുകളില്‍ നിയമ സഹായം, ജെന്‍ഡര്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ ഉറപ്പുവരുത്തി കൊണ്ട് 24 മണിക്കൂറും സ്‌നേഹിത പ്രവര്‍ത്തിക്കുന്നുണ്ട്. പകലോ രാത്രിയോ ആകട്ടെ,സ്ത്രീകള്‍ക്കോ കുട്ടികള്‍ക്കോ അതിക്രമം നേരിട്ടാല്‍ സ്‌നേഹിതയിലേക്ക് അറിയിക്കുകയോ നേരിട്ടെത്തുകയോ ചെയ്താല്‍ അതിനെതിരെയുള്ള നടപടികള്‍ സ്വീകരിച്ച് ആവശ്യമായ സംരംക്ഷണം നല്‍കാന്‍ കുടുംബശ്രീ സ്‌നേഹിത പ്രവര്‍ത്തകര്‍ എപ്പോഴും സന്നദ്ധരാണ്.
ലിംഗ സമത്വത്തിനും ലിംഗ നീതിക്കും വേണ്ടി ശബ്ദം ഉയര്‍ത്തുന്ന ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ വിവിധ അവബോധ പ്രവര്‍ത്തനങ്ങളും, ക്ലാസുകളും സ്‌നേഹിത സ്‌കൂള്‍, കോളേജ് തലത്തില്‍ നടത്തി വരുന്നുണ്ട്. ജില്ലയിലെ എല്ലാ അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും സ്‌നേഹിതയുടെ സേവനങ്ങള്‍ ലഭ്യമാക്കുക, സ്ത്രീകളുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുക, അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 1 കെ പ്ലസ് ക്യാമ്പയിന്‍, പെണ്‍മനസ്സ്, നേരറിവ് തുടങ്ങിയ പദ്ധതികളും ട്രൈബല്‍ മേഖലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഊരുതേടി, ബാലമിത്ര പദ്ധതികളും തീര പ്രദേശത്തിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു വേണ്ടി തീരം പദ്ധതിയും നടപ്പിലാക്കിവരുന്നു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന സ്ത്രീസംരംഭകരുടെ ഉല്‍പ്പന്നങ്ങളുടെ വിപണനത്തിന് പിന്തുണ നല്‍കുന്നതിനുവേണ്ടി സ്‌നേഹിത മിനി മാര്‍ക്കറ്റ് ഫലപ്രദമായി നടപ്പിലാക്കിവരുകയാണ്. എല്ലാ കുടുംബശ്രീ അംഗങ്ങള്‍ക്കും ജെന്‍ഡര്‍ അവബോധ പരിശീലനം നല്‍കി സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളും വെല്ലുവിളികളും തടയുന്നതിനായി കണ്ണാടി, ധ്വനി തുടങ്ങിയ പദ്ധതികളും സ്‌നേഹിതയുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നു.സ്‌നേഹിതയിലെത്തുന്ന അന്തേവാസികള്‍ക്ക് മാനസിക സംഘര്‍ഷം കുറച്ച് വിശ്രമവേളകളില്‍ വ്യായാമം ചെയ്യുന്നതിന് വേണ്ടി മിനി ജിംമ്മും പ്രവര്‍ത്തിക്കുന്നുണ്ട് . മലപ്പുറം എസ് പി ഓഫീസിന് സമീപം ഡി.പി.ഒ റോഡിലാണ് സ്‌നേഹിത പ്രവര്‍ത്തിച്ചുവരുന്നത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ സാമൂഹ്യ ഇടം സൃഷ്ടിക്കുക, അതിക്രമങ്ങള്‍ നേരിടുന്നവര്‍ക്ക് അടിയന്തിര സഹായവും പിന്തുണയും ലഭ്യമാക്കുക, അതിജീവനത്തിനും ഉപജീവനത്തിനും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍ അഥവാ കുടുംബശ്രീ മിഷന്‍ 2013ല്‍ തുടങ്ങിയ സംവിധാനമാണ് സ്‌നേഹിത ജന്‍ഡര്‍ ഹെല്പ് ഡസ്‌ക്. ആദ്യഘട്ടത്തില്‍ മലപ്പുറം, തിരുവനന്തപുരം, എറണാംകുളം എന്നീ 3 ജില്ലകളില്‍ ആണ് സ്‌നേഹിത പ്രവര്‍ത്തനം ആരംഭിച്ചത്. 2017-18 മുതല്‍ കേരളത്തില്‍ 14 ജില്ലകളിലും കുടുംബശ്രീ ജില്ലാമിഷനുകളുടെ മേല്‍നോട്ടത്തില്‍ സ്‌നേഹിത പ്രവര്‍ത്തനം ആരംഭിച്ചു. അതിക്രമം നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ സഹായ കേന്ദ്രമാണിത്. 18004256864,+91 0483 273 5550 എന്നീ ടോള്‍ ഫ്രീ നമ്പരുകളില്‍ സഹായത്തിനായി വിളിക്കാം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments