ടിയാർസി സ്‌മാരക പുരസ്‌കാരം ശിവജി ഗുരുവായൂർ ഏറ്റുവാങ്ങി
പുരോഗമന പ്രസ്ഥാനത്തിന്റെ പ്രചാരകനും നാടക പ്രവർത്തകനും സംവിധായകനുമായിരുന്ന ടിയാർസിയുടെ സ്‌മരണാർഥം ടിയാർസി കലാ, സാംസ്‌കാരിക വേദി ഏർപ്പെടുത്തിയ ടിയാർസി സ്‌മാരക പുരസ്‌കാരം പി.പി. സുനീർ എം.പി. യിൽനിന്ന് നാടക - ചലച്ചിത്ര നടൻ ശിവജി ഗുരുവായൂർ ഏറ്റുവാങ്ങി. ശിവജി ഗുരുവായൂരിന്റെ നാടക പ്രവർത്തന മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചായിരുന്നു പുരസ്‌കാരം നൽകിയത്. ഫലകവും പ്രശസ്‌തിപത്രവും 10001 -രൂപയും അടങ്ങിയതായിരുന്നു പുരസ്‌കാരം. മാറഞ്ചേരിയിലെ പ്രവാസി കൂട്ടായ്‌മയായ റെഡ് പവർ ജി.സി.സിയാണ് പുരസ്‌കാര തുക നൽകുന്നത്. പനമ്പാട് നവോദയം വായനശാല പരിസരത്തുനടന്ന ടിയാർസി അനുസ്‌മരണ സമ്മേളനത്തിലാണ് പുരസ്‌കാരം നൽകിയത്. അനുസ്‌മരണ സമ്മേളനവും പുരസ്‌കാര സമർപ്പണവും പി.പി. സുനീർ എം.പി. ഉദ്‌ഘാടനം ചെയ്‌തു. തികഞ്ഞ കമ്യൂണിസ്റ്റുകാരനായിട്ടും വന്നരിനാടിന്റെ രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിൽ രാഷ്‌ട്രീയ വ്യത്യസങ്ങളില്ലാതെ ടിയാർസിയ്ക്ക് ഒരിടം ഉണ്ടായിരുന്നതായും, പൊന്നാനിയുടെയും വന്നേരിനാടിന്റെയും രാഷ്‌ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രധാന മുഖമായിരുന്നുവെന്നും ഈ നാടിന്റെ രാഷ്‌ട്രീയവും സാഹിത്യവുമായ ചരിത്രങ്ങൾ പലരുമറിഞ്ഞത് ടിയാർസിയുടെ പ്രസംഗത്തിലൂടെയായിരുന്നുവെന്നും സുനീർ പറഞ്ഞു. ടിയാർസി കലാ, സാംസ്‌കാരിക വേദി ചെയർമാൻ അജിത് താഴത്തേൽ അധ്യക്ഷത വഹിച്ചു. നാടകക്കാരനായിരുന്നപ്പോൾ നാട്ടുകാരിൽനിന്നും സിനിമാക്കാരനായപ്പോൾ നാടകക്കാരിൽനിന്നും ഒരുപാട് വേദനകൾ സഹിക്കേണ്ടി വന്നിട്ടുണ്ട്. ആ വേദനകളെല്ലാം ടിയാർസിയുടെ നാമദേയത്തിലുള്ള ഈ പുരസ്‌കാരം ഏറ്റുവാങ്ങിയതിലൂടെ ഇല്ലാതായിപ്പോയെന്നും ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ് പുരസ്‌കാരം സ്വീകരിച്ചപ്പോഴെന്നും ശിവജി ഗുരുവായൂർ പറഞ്ഞു. എ.പി. അഹമ്മദ് അനുസ്‌മരണ പ്രഭാഷണം നടത്തി. ടിയാർസി ജീവിച്ചിരിക്കുമ്പോൾ രാഷ്‌ട്രീയക്കാരിൽനിന്നും നാടകപ്രവർത്തകരിൽനിന്നും അർഹമായ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മാറഞ്ചേരിയുടെ കലാ, സാംസ്‌കാരിക മേഖലയിൽ പ്രമുഖരായ എ.പി. വാസു, അഷ്‌റഫ് ഇല്ലത്തേൽ, ഷാജി പുറങ്ങ്, കരീം സരിഗ എന്നിവരെ ചടങ്ങിൽ ആദരിക്കുകയും കാലിക്കറ്റ് സർവകലാശാലയിൽനിന്ന് രസതന്ത്രം വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ എൻ.പി. പ്രണമ്യ, കേരളാ സബ് ജൂനിയർ ഖൊ -ഖൊ ടീമിലേക്ക് തിരഞ്ഞെടുത്ത നിരഞ്ജന എന്നിവരെ അനുമോദിക്കുകയും ചെയ്‌തു. രജീഷ് മമ്മനാട്ടേൽ, രവീന്ദ്രൻ തിരുത്തുമ്മൽ എന്നിവർ പ്രസംഗിച്ചു. ടിയാർസി കലാ, സാംസ്‌കാരിക വേദി വൈസ് ചെയർമാൻ പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പ്രാദേശിക കലാകാരന്മാരുടെ സംഗീത സായാഹ്നവും ശ്രദ്ധേയമായി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments